സ്കൂളുകളിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ പഠനം

തിരുവനന്തപുരം > സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ കംപ്യൂട്ടറുകളിലേക്കായി പരിഷ‌്കരിച്ച സ്വതന്ത്ര ഓപ്പറേറ്റിങ്‌ സിസ‌്റ്റം പുറത്തിറക്കി.  ‘ഐ ടി @സ്‍കൂൾ ഗ്ന‍ു/ലിനക്‌സ് 18.04’ എന്നപേരിൽ  കേരള ഇൻഫ്രാസ്ട്രക്ച‍ർ ആൻഡ‌് ടെക്നോളജി ഫോ‍ർ എജ്യുക്കേഷൻ (കൈറ്റ്) ആണ‌് പുറത്തിറക്കിയത‌്. സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റമായ ഉബുണ്ടുവിന്റെ 18.04 എൽടിഎസ് പതിപ്പ് അടിസ്ഥാനമാക്കിയതാണ‌് സിസ്റ്റം. കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ ഓപ്പറേറ്റിങ് സിസ്റ്റം എന്നനിലയിൽ മാത്രമല്ല, വീടുകളിലെ കംപ്യൂട്ടറുകളിലും സർക്കാർ ഓഫീസുകൾ, ഓഫീസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന ഡിടിപി സെന്ററുകൾ, ഇന്റർനെറ്റ് കിയോസ്കുകൾ, സോഫ്റ്റ്‌വെയർ നിർമാതാക്കൾ, കോളേജ് വിദ്യാർഥികൾ, മറ്റു കംപ്യൂട്ടർ സേവനദാതാക്കൾ തുടങ്ങിയവർക്കും സമ്പൂർണ കംപ്യൂട്ടിങ് പ്ലാറ്റ്ഫോമായി സൗജന്യമായി ഉപയോഗിക്കാം.

ഉബുണ്ടു 18.04 റെപ്പോസിറ്ററിയിൽ ഇല്ലാത്ത മറ്റു പല സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും പുതിയ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിക്ക സോഫ്റ്റ്‌വെയറും ഏറ്റവും പുതിയ വേർഷനുകളിലേക്ക് അപ്ഡേറ്റ‌് ചെയ്യുകയും  സ്‍കൂൾ പാഠ്യപദ്ധതിക്കനുസരിച്ച് കസ്റ്റമൈസ് ചെയ്യുകയും സാധ്യമാണ‌്. മലയാളം കംപ്യൂട്ടിങ്ങിന് വിപുലമായ മലയാളം യൂണികോഡ് ഫോണ്ട് ശേഖരമുണ്ട്. സ്കൂൾ ഐസിടി പാഠപുസ്തകങ്ങളിൽ നിർദേശിക്കുന്ന സോഫ്റ്റ്‌വെയറുകളെ കൂടാതെ പൊതു ആവശ്യങ്ങൾക്ക് ഉപകരിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ ബൃഹത്തായ ശേഖരവുമുണ്ട‌്.

ഓഫീസ് പാക്കേജുകൾ, ഭാഷാ ഇൻപുട്ട് ടൂളുകൾ, ഡാറ്റാ ബേസ് ആപ്ലിക്കേഷനുകൾ, ഡിടിപി -ഗ്രാഫിക്സ്-  ഇമേജ് എഡിറ്റിങ് സോഫ്‌റ്റ്‌‌വെയറുകൾ, സൗണ്ട് റെക്കോഡിങ് -വീഡിയോ എഡിറ്റിങ് -ത്രീഡി അനിമേഷൻ പാക്കേജുകൾ, പ്രോഗ്രാമിങ്ങിനുള്ള ഐഡിഇകൾ, ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം, ഡാറ്റാ ബേസ് സർവറുകൾ, മൊബൈൽ ആപ്പുകളുടെ ഡെസ്‍ക് ടോപ് വേർഷനുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവിധ വിഷയങ്ങൾ ഐടി ഉപയോഗിച്ച് പഠിക്കാനായി അന്താരാഷ്ട്ര പ്രസിദ്ധമായ സ്വതന്ത്രസോഫ്‌റ്റ്‌‌വെയറുകളായ ജിയോജിബ്ര, ഫെറ്റ്, സ്റ്റെല്ലേറിയം, കാൽസ്യം, മാർബിൾ, രാസ്‌മോൾ, ജി പ്ലെയ്റ്റ്സ്, ഗെമിക്കൽ, ജികോംപ്രിസ്, പൈസിയോ ഗെയിം, ജെ-ഫ്രാക‌്ഷൻ ലാബ‌് തുടങ്ങിയവ കസ്റ്റമൈസ് ചെയ്തും ലോക്കലൈസ് ചെയ്തുമാണ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൈറ്റ് വിക്ടേഴ്സ്, സമഗ്ര പോർട്ടൽ, സ്കൂൾ വിക്കി സൈറ്റുകളിലേക്ക് നേരിട്ടു പ്രവേശിക്കാം.

ഇതെല്ലാം ഉടമസ്ഥാവകാശമുള്ള (പ്രൊപ്രൈറ്ററി) ആപ്ലിക്കേഷനുകളാണെങ്കിൽ കംപ്യൂട്ടർ ഒന്നിന് ചുരുങ്ങിയത് ഒന്നര ലക്ഷം രൂപ ലൈസൻസ് ഇനത്തിൽ നൽകേണ്ടിവരുമായിരുന്നു. അപ്ഡേഷ‍നുകൾക്കായി അധിക ചെലവുമായേനെ. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി വിന്യസിച്ച 60,000 ലാപ്‌ടോപ്പുകളിലും പുതിയ ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി ജൂണിൽ വിന്യസിക്കുന്ന 55,000 ലാപ്‌ടോപ്പുകളിലും ഉൾപ്പെടെ സ്കൂളുകൾക്കുള്ള രണ്ടുലക്ഷത്തിലധികം കംപ്യൂട്ടറുകളിൽ പുതിയ ഓപ്പറേറ്റിങ‌് സിസ്റ്റത്തിന്റെ വിന്യാസം പുതിയ അധ്യയനവർഷത്തിനു മുമ്പുതന്നെ പൂർത്തിയാക്കുമെന്ന് കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ അൻവർ സാദത്ത് പറഞ്ഞു. രണ്ടു ലക്ഷത്തിലധികം കംപ്യൂട്ടറുകളിൽ ഒന്നരലക്ഷം രൂപ കണക്കാക്കി 3000 കോടി രൂപയുടെ സാമ്പത്തിക ലാഭം ഇതുവഴി ലഭിക്കും.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ എല്ലാ സ്ഥാപനങ്ങളും സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ  പഠനവും പരിശീലനവും നിർബന്ധമാക്കി സർക്കാർ ഉത്തരവുണ്ട്.  www.kite.kerala.gov.in വെബ്സൈറ്റിൽനിന്നും ഓപ്പറേറ്റിങ‌് സിസ്റ്റം സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാം. ലിറ്റിൽ കൈറ്റ‌്സ‌ിന്റെ നേതൃത്വത്തിൽ പുതിയ സിസ‌്റ്റത്തിന്റെ ഇൻസ‌്റ്റാൾ ഫെസ‌്റ്റുകളും സംഘടിപ്പിക്കും.
Read more: https://www.deshabhimani.com/news/kerala/news-kerala-13-05-2019/799044