ഇന്ത്യൻ റെയിൽവേ ഇനി പഴയ റെയിൽവേയല്ല: വരുന്നു അദ്ഭുത ടെക്നോളജി

Technology Uncategorized

സുരക്ഷാ സംവിധാനങ്ങളുടെ പേരിൽ നിരന്തരം പഴികേള്‍ക്കുന്ന ഇന്ത്യൻ റെയിൽവേ ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ മികച്ച സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുമായി രംഗത്ത്. നിർമ്മിതബുദ്ധി ഉപയോഗിച്ചു പ്രവർത്തിക്കുന്ന റോബോട്ടുകള്‍ പ്രവർത്തനസജ്ജമാക്കിയാണ് റെയിൽവേ കാതലായ ഈ പരീക്ഷണത്തിനു തുടക്കം കുറിച്ചിട്ടുള്ളത്

വൈഫൈ ശൃംഖല ഉപയോഗിച്ചു ട്രെയിനുകളുടെ സുരക്ഷ സംബന്ധിച്ചു തൽസമയ വിവരങ്ങൾ അധികൃതർക്കു കൈമാറാൻ ഈ റോബോട്ടുകൾക്കു കഴിയും. എൻജിനീയർമാർ നിർദേശിക്കുന്നതനുസരിച്ചു ഫോട്ടോകളും വിഡിയോകളും പകർത്താൻ ശേഷിയുള്ളവയാണ് റോബോട്ടുകൾ. അണ്ടർ ഗിയർ സർവൈലൻസ് ട്രൂ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അസിസ്റ്റഡ് ഡ്രോയ്ഡ് (USTAAD) എന്നാണ് പുതിയ സംവിധാനത്തിന്‍റെ പേര്.

സെൻട്രൽ റെയിൽവേയുടെ നാഗ്പൂർ ശാഖയിൽ വികസിപ്പിച്ചെടുത്ത ഉസ്താദിന്‍റെ ഏറ്റവും വലിയ സവിശേഷത 360 ഡിഗ്രി തിരിയാൻ ശേഷിയുള്ള ഉയർന്ന നിലവാരത്തിലുള്ള കാമറകളുടെ സാന്നിധ്യമാണ്. മനുഷ്യന്‍റെ കണ്ണിൽപ്പെടാതെ പോകുന്ന ചെറിയ പിഴവുകള്‍ പോലും കണ്ടെത്താന്‍ ഈ റോബോട്ടുകൾക്കു കഴിയും. എൻജിനീയർമാർ നിർദേശിക്കുന്നതനുസരിച്ച് ഗിയറിന്‍റെ അടി ഭാഗത്തു വരെയുള്ള ദൃശ്യങ്ങൾ പകർത്താൻ ഇവയ്ക്കു സാധിക്കും. പിടിച്ചെടുക്കുന്ന ഫോട്ടോകളും വിഡിയോകളും തൽസമയമായും അല്ലാതെയും എൻജിനീയർമാർക്കു പരിശോധിച്ചു വേണ്ട മാറ്റങ്ങൾ വരുത്താനും സുരക്ഷ ഉറപ്പിക്കാനും കഴിയും.

പരീക്ഷണം വിജയകരമാണെങ്കിൽ അധികം വൈകാതെ തന്നെ രാജ്യത്താകമാനം റെയിൽവേയുടെ സുരക്ഷ ജോലികൾക്കായി ഈ റോബോട്ടുകൾ നിയുക്തരാകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. വൻ അപകടങ്ങളിലേക്കു നയിച്ചേക്കാവുന്ന ചെറിയ പിഴവുകൾ വരെ സൂം–ഇൻ ചെയ്തു അതിവേഗം കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാനാകുമെന്നത് സുരക്ഷ ഉറപ്പാക്കുന്നതിൽ ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

ഉപയോക്താക്കളുടെ ചോദ്യങ്ങൾക്കു 24 മണിക്കൂറും ഉത്തരം നൽകാൻ സഹായിക്കുന്ന ആസ്ക് ദിശ (Ask Disha) എന്ന ചാറ്റ്ബോട്ട് അടുത്തിടെ റെയിൽവേ രംഗത്തിറക്കിയിരുന്നു. ഇ–ടിക്കറ്റിങ് വെബ്സൈറ്റായ ഐആർസിടിസിയിലാണ് ഒക്ടോബർ മുതൽ ചാറ്റ്ബോട്ടിന്‍റെ സഹായം ലഭ്യമായി തുടങ്ങിയത്.

read more: https://www.manoramaonline.com/technology/technology-news/2018/12/28/indian-railway-to-launch-ai-enable-robot-for-safety.html

Leave a Reply

Your email address will not be published. Required fields are marked *