കേരള സർക്കാരിന്റെ കെ–ഫോണും അതിവേഗ ഇന്റർനെറ്റും

Technology Uncategorized

∙ സ്വയം ഇന്റർനെറ്റ് സേവനദാതാവായി മാറുകയല്ല

സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ–ഫോണിന്റെ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‍വർക്ക്) ശൃംഖല ഉപയോഗിച്ച് ബിഎസ്എൻഎൽ, ഐഡിയ, ജിയോ പോലെ ഏത് ഇന്റർനെറ്റ് സേവനദാതാവിനും അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാം. സ്വയം ഇന്റർനെറ്റ് സേവനദാതാവായി മാറുകയല്ല, പകരം സംസ്ഥാനമൊട്ടാകെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുടെ ശക്തമായ അടിത്തറയുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

∙ കേബിൾ ടിവി ഓപ്പറേറ്റർമാക്കും സഹകരിക്കാം

കേബിൾ ടിവി ഓപ്പറേറ്റർമാർക്ക് അവരുടെ സേവനങ്ങൾ മികച്ച രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ കെ-ഫോണുമായി സഹകരിക്കാനും അവസരമുണ്ട്. കേരളത്തിൽ അതിവേഗ നെറ്റ്‍വർക്ക് ലഭ്യമാക്കാനെത്തുന്ന സേവനദാതാക്കൾക്ക് പുതിയ ശൃംഖല വികസിപ്പിക്കുന്നതിനു പകരം കെ–ഫോൺ നെറ്റ്‍വർക്ക് ഉപയോഗിക്കാം.

∙ ഉപയോഗിക്കുന്ന ബാൻഡ്‍വിഡ്ത് അനുസരിച്ച് തുക ഈടാക്കും

ഉപയോഗിക്കുന്ന ബാൻഡ്‍വിഡ്ത് അനുസരിച്ച് സർക്കാർ തുക ഈടാക്കും. എന്നാൽ ഒരു സേവനദാതാവിനു മാത്രമായി ശൃംഖല പരിമിതപ്പെടുത്തില്ല. ഒന്നിലേറെ കമ്പനികൾക്ക് ഇതുപയോഗിക്കാം. റിലയൻസ് ജിയോ ഫൈബർ പോലെയുള്ള ശൃംഖലകളുടെ എതിരാളിയാണ് കെ–ഫോൺ എന്ന തരത്തിലുള്ള വ്യാഖ്യാനത്തിനു പിന്നാലെയാണ് ഐടി വകുപ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. അടിസ്ഥാന സൗകര്യമൊരുക്കുകയാണ് പദ്ധതിയിൽ സർക്കാരിന്റെ ദൗത്യം.

∙ ആദ്യഘട്ടത്തിൽ 50,000 കിലോമീറ്റർ ഫൈബർ കേബിൾ

50,000 കിലോമീറ്റർ ദൂരത്തിലാണ് ആദ്യഘട്ടത്തിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുക. കെഎസ്ഇബിയുടെ സബ് സ്റ്റേഷനുകൾ വഴി ഇലക്ട്രിക് പോസ്റ്റുകളിലൂടെയാണ് കേബിൾ എത്തിക്കുക. രണ്ടാം ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുമ്പോൾ കേബിളിന്റെ നീളം വീണ്ടും കൂടും.

∙ 28000 കിലോമീറ്റർ കോർ നെറ്റ്‍വർക്ക് സർവേ കഴിഞ്ഞു

28000 കിലോമീറ്റർ നീളത്തിലുള്ള കോർ നെറ്റ്‍വർക്കിനുള്ള സർവേ പൂർത്തീകരിച്ചു. പദ്ധതി ലഭ്യമാക്കേണ്ട ഓഫിസുകളെ സംബന്ധിച്ച ഓഫിസുകളിലെ സർവേ പുരോഗമിക്കുകയാണ്. അടുത്ത വർഷം പദ്ധതി പൂർത്തിയാകും. നിലവിൽ 30,000 കിലോമീറ്ററാണ് കേരളത്തില്‍ ഏറ്റവുമധികം ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ച സ്വകാര്യ കമ്പനിക്ക് പോലും എത്താനായത്. പുതിയ സംവിധാനം വരുന്നതോടെ വിദൂരമായ പ്രദേശങ്ങളിൽ പോലും ഒപ്റ്റിക്കൽ ഫൈബർ കേബിളെത്തും.

∙ ചെലവ് 1,531 കോടി രൂപ

1,531 കോടി രൂപ ചെലവിൽ പ്രതിരോധ വകുപ്പിനു കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ) നേതൃത്വം നൽകുന്ന കൺസോർഷ്യമാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡും ചേർന്ന് തുല്യഓഹരി പങ്കാളിത്തത്തോടെ സംയുക്ത കമ്പനി രൂപീകരിച്ചിരുന്നു.

read more:
https://www.manoramaonline.com/technology/technology-news/2019/10/19/kerala-fibre-optic-network-project.html

Leave a Reply

Your email address will not be published. Required fields are marked *