ചൈന ഗൂഗിളിനെ ‘തട്ടിക്കൊണ്ടു പോയി’; എന്തും സംഭവിക്കാം, കൂട്ടിന് റഷ്യയുമുണ്ട്!

Technology Uncategorized

ഇന്നൊരു യുദ്ധം നടന്നാല്‍ കുന്തവും കുറവടിയുമായി പോയി പോരടിച്ചു ജയിക്കാമെന്നു കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണെന്ന് പറയേണ്ട കാര്യമില്ലല്ലോ. വരും കാലങ്ങളില്‍ ഇതെല്ലാം വീണ്ടും മാറുകയും ചെയ്യും. കഴിഞ്ഞ ദിവസം ഗൂഗിളിനെ ‘തട്ടിക്കൊണ്ടുപോയി’ ചൈന നടത്തിയത് വെര്‍ച്വല്‍ യുദ്ധത്തിന്റെ ട്രയല്‍ ആണെന്നു ചിലര്‍ പറയുന്നു. ഇത്തരം ആക്രമണങ്ങളില്‍ റഷ്യയും സജീവമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും ഹീനമായ ആക്രമണമാണ് കമ്പനി നേരിട്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകമെമ്പാടുമുള്ള ജനങ്ങൾ ഗൂഗിളില്‍ നടത്തിയ സേര്‍ചുകള്‍, ക്ലൗഡില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍, കമ്പനിയുടെ ജീ സൂട്ടിലുള്ള (G Suite) വിവരങ്ങള്‍ ഇവയെയെല്ലാം ആക്രമണം ബാധിച്ചിരിക്കാമെന്നാണ് നിഗമനം. എല്ലാ ഗൂഗിള്‍ ഉപയോക്താക്കളുടെയും ഡേറ്റ, നൈജീരിയയിലും റഷ്യയിലും ചൈനയിലുമുള്ള സര്‍വറുകളില്‍ നിന്ന് വഴിതിരിച്ചുവിട്ടാണ് ചോര്‍ത്തിയത്. ഇതില്‍ വിവിധ രാജ്യങ്ങളിലെ ടെലികോം സേവനദാദാക്കളുടെ ഉപയോക്താക്കളെ കുറിച്ചുള്ള വിവരവും ഉണ്ടെന്നാണ് പറയുന്നത്. ഇന്റര്‍നെറ്റ് സുരക്ഷാ വിദഗ്ധര്‍ ഈ ആക്രമണത്തെ യുദ്ധക്കളിയിലെ പരീക്ഷണം (‘wargame experiment’) എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. റഷ്യയും ചൈനയും ഭാവിയില്‍ നടത്താനിരിക്കുന്ന ആക്രമണങ്ങളുടെ ഒരു പരീക്ഷണഘട്ടം മാത്രമാണിതെന്നാണ് അവര്‍ പറയുന്നത്.

എന്നാല്‍, ഈ ആക്രമണത്തെ കാര്യമായി എടുക്കേണ്ടെന്നാണ് ഗൂഗിള്‍ വാദിക്കുന്നത്. തങ്ങള്‍ അതൊരു വിദ്വേഷാക്രമണം (malicious) ആയിരുന്നെന്നു കരുതുന്നില്ലെന്നും അവര്‍ പറയുന്നു. പക്ഷേ, കോടിക്കണക്കിന് ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ത്തിയിരിക്കാമെന്നു തന്നെയാണ് പല ഇന്റര്‍നെറ്റ് സുരക്ഷാ വിദഗ്ധരും വിലയിരുത്തുന്നത്. ഗൂഗിള്‍ ഇപ്പോള്‍ത്തന്നെ അവരുടെ ഉപയോക്താക്കളുടെ ഡേറ്റ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന ആരോപണം കേട്ടുകൊണ്ടിരിക്കുകയാണ്. ഇവരില്‍ മിക്ക രാജ്യത്തെയും ഉന്നത വ്യക്തികളും ഉണ്ട്. അടുത്തകാലത്ത് ഗൂഗിള്‍ പ്ലസിലുണ്ടായിരുന്ന 500,000 ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ത്തിയതായി വാര്‍ത്തകളുണ്ടായിരുന്നല്ലോ.

ഇപ്പോള്‍ ഗൂഗിളിനെതിരെ നടത്തിയ ആക്രമണത്തിന്റെ പേര് ബിജിപി, അധവാ, ബോര്‍ഡര്‍ ഗെയ്റ്റ്‌വേ പ്രോട്ടോകോള്‍ ഹൈജാക്കിങ് (border gateway protocol) എന്നാണ്. ഇത്തരത്തിലുള്ള ആക്രമണത്തിലൂടെ ഓരോ രാജ്യത്തെയും തന്ത്രപ്രധാനമായ സര്‍വീസുകളെ താറുമാറാക്കാം. കൂടാതെ ചാരപ്രവൃത്തി നടത്തുകയോ പൈസ തട്ടുകയോ ചെയ്യാം. കോണ്‍ഫിഗറേഷനില്‍ വന്ന തകരാര്‍ മുതലെടുത്തോ, ജോലിക്കാരുടെ പിഴവിലൂടെയോ, ഹാക്കിങ്ങിലൂടെയോ ഇത് നടത്താമെന്നതാണ് ഏറ്റവും ഭീതിയുണ്ടാക്കുന്ന കാര്യം.

അടുത്തകാലത്തുണ്ടായി ഇത്തരം മറ്റു രണ്ട് ആക്രമണങ്ങളില്‍ ഫിനാന്‍ഷ്യല്‍ സൈറ്റുകള്‍ക്കു നേരെയാണ് നടന്നിരിക്കുന്നത്. ഇതാകട്ടെ ഉപയോക്താക്കളുടെ ഡേറ്റ ഹാക്കര്‍മാര്‍ക്ക് കടുന്നുകയറാനാകുന്ന രീതിയില്‍ തുറന്നിടുന്നതുമാണ്. ഇത്തരത്തില്‍ നടത്തിയ ഒരാക്രമണത്തില്‍ 2017ല്‍ റഷ്യയുടെ കീഴിലുള്ള ടെലികോം കമ്പനി മാസ്റ്റര്‍ കാര്‍ഡിന്റെയും വീസാ കാര്‍ഡിന്റെയും ഇന്റര്‍നെറ്റ് ലൈനുകളില്‍ നുഴഞ്ഞുകയറിയിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍ നടത്തിയ ഒരു ആക്രമണത്തില്‍ 152,000 ഡോളര്‍ വിലവരുന്ന ക്രിപ്‌റ്റോകറന്‍സി എതര്‍വോലറ്റ് (EtherWallet.com) എന്ന വെബ്‌സൈറ്റില്‍ നിന്ന് തട്ടിയെടുക്കുകയും ചെയ്തിരുന്നു.

ഗൂഗിളിന്റെ സേവനങ്ങളെ ഒന്നര മണിക്കൂര്‍ നേരത്തേക്ക് ചൈനയും റഷ്യയും തങ്ങളുടെ വരുതിയിലാക്കിയെന്നാണ് നെറ്റ്‌വര്‍ക്ക് കമ്പനികള്‍ പറയുന്നത്. ഇതു പുറത്തുകൊണ്ടുവന്നത് തൗസന്‍ഡ്‌ഐസ് (ThousandEyes) എന്ന കമ്പനിയാണ്. ഗൂഗിളിന്റെ ചരിത്രത്തിലെ ഏറ്റവും ഹീനമായ ആക്രമണമാണിതെന്നാണ് തൗസന്‍ഡ്‌ഐസ് വിലയിരുത്തുന്നത്. ഇത് രാജ്യം നടത്തിയതാകാമെന്നു സംശയിക്കാനുള്ള കാരണം ട്രാഫിക് മുഴുവന്‍ ചൈനാ ടെലികോമിലേക്കാണ് എത്തിയത്. ഇതാകട്ടെ ചൈന സർക്കാരിന്റെ അധീനതയിലുമാണ്. മറ്റൊരു സമീപകാല പഠനം പറയുന്നത് ചൈന ചിട്ടയായ രീതിയില്‍ തന്നെ അമേരിക്കയിലെ ഇന്റര്‍നെറ്റ് ട്രാഫിക് ഹൈജാക് ചെയ്യുന്നുണ്ടെന്നാണ്.

യൂണിവേഴ്‌സിറ്റി ഓഫ് സറിയിലെ കംപ്യൂട്ടര്‍ വിദഗ്ധനായ അലന്‍ വുഡ്‌വെഡ് പറയുന്നത് ഇതെല്ലാം നടത്തുന്നത് മറ്റു രാജ്യങ്ങളുടെ നീക്കങ്ങള്‍ അറിയുന്നതിന്റെ ഭാഗമായിട്ടാണെന്നാണ്. ഇത്തരം ആക്രമണങ്ങള്‍ ചൈനയും റഷ്യയും മുൻപും നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇന്റര്‍നെറ്റിലുള്ള ഡേറ്റ എന്‍ക്രിപ്റ്റഡാണ്. പക്ഷേ, ആരൊക്കെ തമ്മിലാണ് ബന്ധമുള്ളതെന്ന് വ്യക്തമായി അറിയാന്‍ സാധിക്കും. ഇതിലൂടെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിലിരിക്കുന്നവരുടെ നീക്കങ്ങള്‍ അറിയാന്‍ സാധിക്കും. പുതിയ ആക്രമണം നടന്നിരിക്കുന്നത് നൈജീരിയന്‍ കമ്പനിയായ മെയ്ന്‍വണ്ണിനു (MainOne) നേരെയാണെന്നു പറയുന്നു. എന്നാല്‍ ഇത് കൃത്യമായി എന്താവശ്യത്തിനു വേണ്ടിയാണ് നടത്തിയിരിക്കുക എന്ന് വ്യക്തമല്ലെന്നും പറയുന്നു. ഗൂഗിള്‍ പറയുന്നതു പോലെ അത് യാദൃശ്ചികമായി സംഭവിച്ചതായിരിക്കാന്‍ വഴിയില്ലാ എന്നാണ് പല സുരക്ഷാ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. എന്തായാലും ഈ ആക്രമണത്തിലൂടെ നിരവധി ഗൂഗിള്‍ ഉപയോക്താക്കളുടെ ഡേറ്റ വിദേശികളുടെ കൈയ്യിലെത്തിയിരിക്കുന്നു എന്നാണ് അവര്‍ വിശ്വസിക്കുന്നത്. ചൈന ടെലികോം ഇത് നിരന്തരം നടത്തിപ്പോരുന്നുവെന്നും ചിലര്‍ പറയുന്നു.

 

Read more on https://www.manoramaonline.com/technology/technology-news/2018/11/17/internet-traffic-hijack-disrupts-google-services.html

Leave a Reply

Your email address will not be published. Required fields are marked *