ഗൂഗിള്‍ ക്ലൗഡ് മേധാവിയായി മലയാളി തോമസ് കുര്യന്‍

ഗൂഗിള്‍ ക്ലൗഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി (സിഇഓ) മലയാളിയായ തോമസ് കുര്യന്‍ സ്ഥാനമേറ്റു. ഗൂഗിള്‍ ക്ലൗഡ് സിഇഓ ഡയാന ഗ്രീന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് കോട്ടയം സ്വദേശിയായ തോമസ് കുര്യന്‍ ആ സ്ഥാനത്ത് നിയമിതനായത്. ഒക്ടോബറില്‍ ഒറാക്കിള്‍ കോര്‍പ്പറേഷന്റെ പ്രൊഡക്റ്റ് ഡെവലപ്പ്‌മെന്റ് പ്രസിഡന്റ് സ്ഥാനം തോമസ് കുര്യന്‍ രാജിവെച്ചിരുന്നു.

ഒറാക്കിള്‍ മേധാവി ലാരി എല്ലിസണുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ഒറാക്കിളില്‍ നിന്നു കുര്യന്‍ രാജിവെച്ചത്. ക്ലൗഡ് കംപ്യൂട്ടിങ് രംഗത്ത് കൂടുതല്‍ സോഫ്റ്റ് വെയറുകള്‍ വികസിപ്പിക്കുന്നതില്‍ കമ്പനി ഊന്നല്‍ നല്‍കണമെന്നുള്ള കുര്യന്റെ നിലപാട് ലാരി എല്ലിസണ്‍ പിന്തുണക്കാതിരുന്നതാണ് കുര്യന്റെ രാജിയിലേക്ക് നയിച്ചത്.

എന്നാല്‍ ഗൂഗിള്‍ ക്ലൗഡ് മേധാവി സ്ഥാനത്ത് നിന്നും  ക്ലൗഡ് കംപ്യൂട്ടിങ് രംഗത്തെ തന്റെ ലക്ഷ്യം പ്രാവര്‍ത്തികമാക്കാനൊരുങ്ങുകയാണ് തോമസ് കുര്യന്‍. ഒറാക്കിളില്‍ തനിക്ക് അനുവാദം ലഭിക്കാതിരുന്നത് ഗൂഗിള്‍ ക്ലൗഡിന്റെ മേധാവി സ്ഥാനത്ത് നിന്നും ചെയ്തുകാണിക്കാന്‍ തോമസ് കുര്യന് അവസരം ലഭിക്കും. ആമസോണ്‍, മൈക്രോ സോഫ്റ്റ് പോലുള്ള മുഖ്യ എതിരാളികളാണ് ഈ രംഗത്ത് ഗൂഗിളിന് വെല്ലുവിളിയായുള്ളത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഗൂഗിള്‍ ക്ലൗഡിന്റെ മേധാവിയാണ് ഡയാന ഗ്രീന്‍. 2012 മുതല്‍ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ ഡയറക്ടര്‍മാരിലൊരാളാണ്. നവംബര്‍ 26 നാണ് തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡില്‍ ചേരുക. 2019 ആദ്യമായിരിക്കും അദ്ദേഹം ഗൂഗിള്‍ ക്ലൗഡ് മേധാവി സ്ഥാനം ഏറ്റെടുക്കുക. അതുവരെ ഡയാന ഗ്രീന്‍ തന്നെ ആസ്ഥാനത്ത് തുടരും.

read   more:  https://www.mathrubhumi.com/technology/news/oracle-exec-thomas-kurian-as-google-cloud-ceo-ceo-diane-greene-is-out-1.3317673

Leave a Reply

Your email address will not be published. Required fields are marked *